ഡാളസ്: ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക (IPCNA) ഡാളസ് ചാപ്റ്ററിന്റെ 2026ലെ പ്രവർത്തന ഉദ്ഘാടനം ഓഗസ്റ്റ് 23ന് വിൻധാം ഡിഎഫ്ഡബ്ല്യു. എയർപോർട്ട് ഹോട്ടലിലെ വേദിയിൽ പ്രൗഢഗംഭീരമായി നടക്കും.
കോട്ടയം പാർലമെന്റ് അംഗം കെ. ഫ്രാൻസിസ് ജോർജ് ചടങ്ങിൽ മുഖ്യാതിഥിയായി പങ്കെടുത്ത് ഉദ്ഘാടനം നിർവഹിക്കും. പ്രശസ്ത ചലച്ചിത്ര നടിയും നർത്തകിയുമായ ദിവ്യ ഉണ്ണിയും ചടങ്ങിൽ പ്രത്യേക അതിഥിയായി പങ്കെടുക്കും. സാംസ്കാരിക, സാമൂഹിക മേഖലകളിലെ പ്രമുഖരും ജനപ്രതിനിധികളും മാധ്യമപ്രവർത്തകരും പങ്കെടുക്കുന്ന ഈ സംയുക്ത സമ്മേളനം ഡാളസിലെ പ്രവാസി മലയാളി സമൂഹത്തിന് വേറിട്ടൊരു അനുഭവമായി മാറും.
ഷിജു ഫൈനാൻഷ്യൽസ് ഉടമ ഷിജു എബ്രഹാം, ക്രൗൺ ട്രാവൽസ് & ത്രിവേണി ഇന്ത്യൻ സൂപ്പർ മാർക്കറ്റ് ആൻറ് കിച്ചൺ ഉടമ സോബിൻ മാത്യു എന്നിവരാണ് ഈ പരിപാടിയുടെ സ്പോൺസർമാർ.
വേൾഡ് മലയാളി കൗൺസിൽ 15ാമത് ഗ്ലോബൽ ദ്വൈവാർഷിക കൺവൻഷനോടനുബന്ധിച്ച് നടക്കുന്ന ഈ ചടങ്ങിൽ വരാനിരിക്കുന്ന ദേശീയ സമ്മേളനത്തിന്റെ മുന്നൊരുക്കങ്ങളും, ഈ വർഷത്തെ പുതിയ മാധ്യമസാമൂഹിക പദ്ധതികളുടെ പ്രഖ്യാപനവും നടക്കും.
പ്രവാസി മലയാളികൾക്കായി ഈ വർഷം നടപ്പിലാക്കാൻ ഉദ്ദേശിക്കുന്ന വിവിധ പദ്ധതികളുടെ പ്രഖ്യാപനവും സമ്മേളനത്തിൽ വച്ചു നടക്കും. അമേരിക്കൻ മലയാളി സമൂഹത്തിന്റെ സാംസ്കാരിക കൂട്ടായ്മ കൂടുതൽ ശക്തമാക്കാനും ഭാവി പരിപാടികൾക്ക് കൃത്യമായ ദിശാബോധം നൽകാനും ഈ ഉദ്ഘാടന സമ്മേളനം വഴിതുറക്കുമെന്ന് ഐപിസിഎൻഎ ഭാരവാഹികൾ അറിയിച്ചു.
സജി സ്റ്റാർലൈൻ (പ്രസിഡന്റ്), ജോസ് പ്ലാക്കാട്ട് (വൈസ് പ്രസിഡന്റ്), സുധ പ്ലാക്കാട്ട് (സെക്രട്ടറി), മാർട്ടിൻ വിലങ്ങോലിൽ (ജോയിന്റ് സെക്രട്ടറി), തോമസ് കോശി (ട്രഷറർ) എന്നിവരാണ് സംഘടനയെ നയിക്കുന്നത്.